ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹരിപ്പാട്ട് പോലീസ് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ആർ.കെ.ജംഗ്ഷന് സമീപം കടയും വീടും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നടത്തിയ താമരശ്ശേരി കിഴക്കതിൽ ജോൺസൺ (60), മകൻ മോൻസി ജോൺ (24) എന്നിവരെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തതു.
ഇവരിൽ നിന്ന് 210 പാക്കറ്റ് ഹാൻസും ലഹരി വിൽപനയിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന എട്ടര ലക്ഷം രൂപയും കണ്ടെത്തി. കടയ്ക്കുള്ളിലെ രഹസ്യ അറകളിലാണ് പ്രതികൾ ഇവ സൂക്ഷിച്ചിരുന്നത്. പ്രദേശത്തെ സ്കൂൾ-കോളജ് വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രധാന വിൽപന.
പിടിയിലായവർ പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് മാത്രം ഇവർക്കെതിരെ നിലവിൽ നാൽപ്പതോളം കേസുകളുണ്ട്. മുൻപ് ഇതേ കടയിൽ പരിശോധനയ്ക്കെത്തിയ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെ മുറിക്കുള്ളിലിട്ട് പൂട്ടിയിട്ട് ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇവർ പ്രതികളാണ്.